Monday, April 20, 2009

ഹീറോയിസം അവസാനിപ്പിക്കണം

ആനയെ ചില വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നുണ്ട് .ഹീറോയിസം അവസാനിപ്പിക്കണം. ആനകള്‍ എന്നത് അന്തസിന്റെയും അലങ്കാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്.
സിനിമാവ്യവസായം പോലെയാണ് ഇന്ന് ആന പരിപാലനം. സൂപ്പര്‍ താരങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ വളരുന്നത്. ആനയിലും ഉണ്ട് സൂപ്പര്‍ താരങ്ങള്‍ . അത് ജനങ്ങള്‍ ഉണ്ടാക്കുന്നതാണ്. തലയെടുപ്പുള്ള ആനകളെ മാത്രമേ ഉത്സവത്തിന് എഴുന്നള്ളിക്കുകയൊള്ളൂ. പ്രത്യേക ആനകള്‍ തന്നെ ഉല്‍സവത്തിന് വരണമെന്ന് കമ്മറ്റിക്കാര്‍ വാശിപിടിക്കുന്നതും ആനയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നു.
ആന എന്നത് ഇന്‍ഡസ്ട്രിയായി മാറി. ആനയെ ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഫാന്‍സ് അസോസിയേഷനുകള്‍ പല ആനയ്ക്കും ഉണ്ട്. ഇത് കാണിക്കുന്നത് നമ്മുടെ മൂല്യചുതിയാണ് ഒരിക്കലും ആന വ്യവസായിക ഉപകരണമല്ല. ആനയെ വളര്‍ത്തുന്നവര്‍ ലാഭം നോക്കിയാല്‍ ആനകളുടെ വംശം നിലനിര്‍ത്താന്‍ പ്രയാസമാണ്.
ആചാര അനുഷ്ഠാനങ്ങളുടെ പേരിലും ആനയെ നാം ദ്രോഹിക്കുന്നു. നേര്‍യ്ച്ചക്കും, ഉത്സവങ്ങള്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ ആനകളെ ഉപയോഗിക്കുന്നു. ചൂടുള്ള വെയിലത്ത് നിര്‍ത്തുന്നു. വേണ്ടത്ര ഭക്ഷണം അതിന് കൊടുക്കുന്നില്ല. എത്ര നിയമങ്ങള്‍ ഉണ്ടായാലും ആനയ്ക്ക് രക്ഷയില്ലാതായി തീര്‍ന്നിരിക്കുകയാണ്.
നാട്ടാന പരിപാലന ചട്ടം കൊണ്ടുമാത്രം ആനയെ നിയന്ത്രിക്കാന്‍ കഴിയില്ല. ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഒരാനയേയും എഴുന്നള്ളത്തിന് കൊണ്ടു പോവാന്‍ കഴിയില്ല. ജനങ്ങളുടെ മനസില്‍ മാറ്റമുണ്ടാവണം. ഫാന്‍സ് അസോസിയേഷനുകളെ നിയന്ത്രിക്കണം. ആനയെ പേരു ചൊല്ലി വിളിക്കുന്നത് ഒഴിവാക്കണം. ആനകള്‍ക്ക് നമ്പറിടണം. വ്യവസായം എന്നതിലുപരി ആനയെ ഭക്തിയോടെ കണ്ടാലെ ആനകള്‍ക്കും മനുഷ്യര്‍ക്കു രക്ഷയൊള്ളൂ.

2 comments:

 1. വളരെ പ്രസക്തമായ കാര്യമാണിത്.

  ReplyDelete
 2. ഞാനടക്കം പലരും ഈ വിഷയത്തിൽ നിരവധി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്‌.

  ആനയെ അന്തസ്സിന്റെ ഭാഗമായി നിലനിർത്തിയിരുന്നത്‌ പഴയ കോവിലകങ്ങളിലും കൊട്ടാരങ്ങളിലും ആണ്‌.ഇന്ന് എനിക്ക്‌ തോന്നുന്നത്‌ അന്തസ്സിനപ്പുറം ഒരു വ്യവസായം എന്ന നിലയിൽ തന്നെ ആണ്‌ പലരും കാണുന്നത്‌ എന്നാണ്‌. നന്നായി പരിപാലിക്കപ്പെടുന്ന നിരവധി ആനകൾ നമ്മുടെ നാട്ടിൽ ഉണ്ട്‌ എന്നത്‌ മറന്നുകൂടാ.

  തെച്ചിക്കോട്ടുകാവും,സൂര്യനും നിൽക്കുന്ന സദസ്സിൽ നിങ്ങൾ ആരെ തിരഞ്ഞെടുക്കും? ആനകളിൽ മാത്രമല്ല മറ്റുപലതിലും ഇത്തരം വേർ തിരിവുണ്ട്‌ സുഹൃത്തേ.ഉയരത്തിനു അനുസരിച്ചു തിടമ്പു നൽകുന്നതിൽ ചിലയിടങ്ങളിൽ പ്രാധാന്യം ഉണ്ട്‌.എന്നാൽ മറ്റു ചിലയിടങ്ങളിൽ അഴകിനാണ്‌ പ്രാധാന്യം. ഉദാ: ആയിരം കണ്ണിയിൽ ഉയരക്രമമാണെങ്കിൽ തൃശ്ശൂർ പൂരത്തിനു ആനകളെ തിരഞ്ഞെടുക്കുന്നതിനു മാനദണ്ടം വേറെയാണ്‌.

  ആരാധകർ എന്തുകൊണ്ടുണ്ടാകുന്നു എന്ന് കൂടെ പരിശോധിക്കണം.ആരാധന അതിരുകടക്കുമ്പോൾ അത്‌ മൂല്യ്ച്ചുതിയാകും. പെരുവനം കുട്ടന്മാരാരുടെ മേളം നടക്കുമ്പോൾ ഒരു മേളക്കമ്പക്കാരൻ കയ്യുയർത്തി താളം പിടിക്കുന്നത്‌ സ്വാഭാവികം...എന്നാൽ അതു മറ്റുള്ളവർക്ക്‌ ശല്യമാകുമ്പോളേ പ്രശ്നം ആകുന്നുള്ളൂ.

  ഒരാനയുടെ പരിപാലന ചിലവിനെ കുറിച്ച്‌ താങ്കൾ ആലോചിക്കുന്നത്‌ നല്ലതാണ്‌.അതുപോലെ മോഹവില ഒരുകോടിയോളം വരുന്ന ആനകൾ ഉണ്ട്‌ കേരളത്തിൽ. തെച്ചിക്കോട്ടുകാവും,പാമ്പാടിരാജനും,പൂക്കോടൻ ശിവൻ(തിരുവമ്പാടി ശിവസുന്ദർ) ,മന്ദലാംകുന്ന കർണ്ണൻ,അയ്യപ്പൻ, ചെർപ്പ്ലശ്ശേരി പാർത്ഥൻ ഇവരൊക്കെ ഇതിൽ മുൻ പന്തിയിൽ ആണ്‌..(ആനകളെ കൈമാറ്റം ചെയ്യുവാൻ സാധ്യമല്ല എന്ന് സമ്മതിക്കുമ്പോൾ തന്നെ പാട്ടവ്യവസ്ഥ നിലവിലുണ്ടെന്ന് ഓർക്കേണ്ടതുണ്ട്‌)


  മൃഗങ്ങൾക്ക്‌ പേരിടന്നതും പേരിട്ടുവിളിക്കുന്നതും നിർത്തണം എന്ന ആശയത്തോട്‌ തീരെ യോജിക്കുന്നില്ല. ആനയായാലും നായയാലും പേരുവിളിച്ചാൽ പ്രതികരിക്കുന്നത്‌ കണ്ടിട്ടില്ലേ? അവയെ പെരുമാറ്റച്ചട്ടം പഠിപ്പിക്കുന്നതിൽ പേരിനു നിർണ്ണായകമായ സ്ഥാനമാണുള്ളത്‌.താങ്കൾക്ക്‌ ഒരുപക്ഷെ ഇതേ കുറിച്ച്‌ അറിയാഞ്ഞിട്ടാകും.

  കൈവിട്ട ആനയെ ഒതുക്കുവാൻ അവന്റെ പേരുവിളിച്ച്‌ അനുനയിപ്പിക്കുന്നത്‌ നേരിൽ കണ്ടിട്ടുള്ള അനുഭവങ്ങൾ ധാരാളം.

  ReplyDelete