Wednesday, April 1, 2009

മദയാന ആകുമ്പോള്‍

ആന ഇടയുന്നത് മദപ്പാടുകൊണ്ടാണെന്ന് തെറ്റായ ഒരു ധാരണയുണ്ട്. മദം ഒരസുഖമല്ല. ശാരീരികമായ പ്രക്രിയയാണ്. സാധാരണയായി 15 മുതല്‍ 20 വയസിനിടെയും 60 വയസുവരെയുമാണ് മദം ഉണ്ടാവുക.
മദക്കാലം സാധാരണയായി 3 മാസം നീണ്ടുനില്‍ക്കും. തണുപ്പുകാലത്താണ് സാധാരണയായി മദപ്പാട് ഉണ്ടാകാറ്. സ്വഭാവഘടന നോക്കി ഇവയെ ഘട്ടങ്ങളായി തിരിക്കാം. മദത്തിനുമുന്‍പുള്ള കാലം, തീവൃമായ മദത്തിലിരിക്കുന്ന കാലം, മദത്തിന് ശേഷമുള്ള കാലം.
മദക്കാലത്ത് ആനയുടെ മുഖത്ത് ക്രൂരഭാവം കാണാം. ആരെങ്കിലും അടുത്തുവരുമ്പോള്‍ കണ്ണ് ഉരുട്ടും. ശരീരത്തിന് പിരിമുറുക്കം അനുഭവപ്പെടും, ശരീരം നീട്ടിവലിക്കുകയും തുമ്പിക്കൈ മുന്നോട്ട് നീട്ടുകയും ചെയ്യും. പാപ്പാന്മാരെയും അപരിചിതരെയും ആക്രമിക്കാനുള്ള വാസനയുണ്ടാകും.
ചങ്ങല പിടിച്ചു വലിക്കുകയോ, അതില്‍ തിരിപ്പിടിച്ചുകൊണ്ടിരിക്കുകയോ ചെയ്യും. ചങ്ങല വലിച്ചുപൊട്ടിക്കാനുള്ള ശ്രമമാണെന്ന് തോന്നും. അതിനാല്‍ ഈ സമയത്ത് പഴയ ചങ്ങലയാണെങ്കില്‍ മാറ്റി പുതിയവ ഇടണം. കെട്ടിയിരിക്കുന്നു മരവും ആനയും തമ്മില്‍ രണ്ടടി അകലം ഉണ്ടായിരിക്കണം. ചില ആനകള്‍ ഒരു പ്രത്യേക കണ്ണിയില്‍ തന്നെ ശ്രദ്ധ തിരിച്ച്, അത് വലിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചെന്നിരിക്കും. ആനയെ ഒരേ സ്ഥലത്തുതന്നെ കെട്ടിയിടുന്നു. മദത്തിന്റെ തീവൃത കുറയുന്നത് വരെ അഥവാ ആളടുക്കാറാകുന്നത് വരെ ആനയുടെ കാലുകളില്‍ ചങ്ങലക്കിട്ട സ്ഥലത്ത് വ്രണങ്ങള്‍ ഉണ്ടാവാം. ഇങ്ങന് വരാതിരിക്കാന്‍ ദൂരെ നിന്ന് ഒരു വലിയ കോല്‍ നീട്ടി ചങ്ങലയുടെ സ്ഥാനം ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കാനുള്ള സംവിധാനം വേണം.

അമ്പട കേമാ!!!

നുഷ്യരുമായി നന്നായി ഇണങ്ങിക്കഴിയുന്ന പ്രകൃതമാണ് ആനയ്ക്ക്. മനുഷ്യനും ആനയും തമ്മില്‍ അഭേദ്യബന്ധങ്ങള്‍ ഉണ്ട്. ആനകളുടെ കഴുത്ത് ചെറുതാണ്. തലക്ക് ഭാരംകുറവാണ്.
ആനയുടെ മൂക്ക് കൈയ്യിലാണ്. അതാണ് ആനയുടെ തുമ്പിക്കൈ. ഒരേ സമയം മൂക്കായും കൈയ്യായും പ്രവര്‍ത്തിക്കുന്നു. എത്ര ചെറിയ വസ്തുക്കളും (മുട്ടുസൂചി വരെ) തുമ്പികൈകൊണ്ട് ആനയ്ക്ക് എടുക്കാനാവും. വളരെ വലിയ ചെവിയാണ്. ചെറിയ കണ്ണ് വശങ്ങളിലാണ്. പലപ്പോഴും ചെവി കണ്ണിന്റെ കാഴ്ചയെ മറക്കുന്നത് കാരണം പിന്‍കാഴ്ച ആനക്ക് സാധ്യമല്ല.
ആനയുടെ വൃഷണം മസ്തകത്തിലാണ്. വളരെ നേര്‍ത്ത തൊലിയാണ് ആനക്കുള്ളത്. അതുകൊണ്ടുതന്നെ എത്ര ചെറിയ അടിയും അതിന് താങ്ങാവുന്നതില്‍ അപ്പുറമാണ്. ത്വക്കിന് കറുപ്പുനിറമായതിനാല്‍ ചൂട് ധാരാളം വലിച്ചെടുക്കും. ആനയുടെ ശരീരത്തില്‍ വിയര്‍പ്പു ഗ്രന്ധികള്‍ ഇല്ല. പലപ്പോഴും വായിലൂടെയാണ് ആന വിയര്‍പ്പ് പുറത്തുവിടുന്നത്. കൈകാലുകളില്‍ വിരലുകളില്ല, പക്ഷേ നഖങ്ങള്‍ ഉണ്ട്.
മറ്റു മൃഗങ്ങളെ അപേക്ഷിച്ച് വാലുകളില്‍ രോമങ്ങള്‍ കുറവായിരിക്കും. തികച്ചും കാട്ടിലെ പരിതസ്ഥിതിക്ക് ഇണങ്ങുന്ന ശരീരപ്രകൃതമാണ് ആനയുടെത്. അതുകൊണ്ട് തന്നെ നാട്ടിലെ ചൂട് അവയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

ആനക്കാര്യം


കരയിലെ ഏറ്റവും വലിയ മൃഗമാണ് ആന. ഏതൊരു ജീവിയേയുംപോലെ അതിനും വേദനകളും സഹനവും വിഷാദവും സങ്കടവുമൊക്കെയുണ്ട്. മനുഷ്യരെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ക്ഷൂദ്രര്‍ എന്നിങ്ങനെ തരംതിരിക്കുന്നത് പോലെ ആനയിലും ഇതേ വര്‍ഗ്ഗീകരണമുണ്ട്. അതില്‍ ബ്രാഹ്മണര്‍ ശാന്തരായിരിക്കും. ക്ഷത്രിയരാവട്ടെ അവരുടെ സ്വഭാവം കാണിക്കുകയും ചെയ്യും.
കാട്ടില്‍ ജീവിക്കുന്ന മൃഗമാണ് ആന. അതിനെ മെരുക്കി നാട്ടിലേക്ക് കൊണ്ടുവന്ന് എത്ര പരിശീലനം നല്‍കിയാലും കാട്ടിലെ സ്വഭാവം അത് പുറത്തുകാണിക്കും. പക്ഷേ വിശേഷബുദ്ധി ഇല്ലാത്തതുകാരണം (പ്രായമായ ഒരാനക്ക് പത്തുവയസുകാരനായ മനുഷ്യന്റെ ബുദ്ധിയുണ്ടത്രെ) അതിന് തന്റെ ശക്തി അറിയില്ല. ആ ഒരു കാരണം കൊണ്ടാണ് മനുഷ്യര്‍ക്ക് ആനയെ നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നത്.
ഒരിക്കല്‍ ഒരു തള്ളയാന തന്റെ ചാപ്പിള്ളയ്ക്ക് മൂന്ന് ദിവസം കൂട്ടുനിന്നു. കുട്ടിയെ പൊക്കിയെടുക്കാന്‍ ശ്രമിച്ച ശേഷം അത് ചാപ്പിള്ളയുടെ അരികില്‍ തന്നെ നിന്നു. ദു:ഖ വിവശനായി തന്റെ മുഖഭാവത്തില്‍ അത് ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി തലയും ചെവിയും താഴ്ത്തി മുഖം താഴേക്ക് കോട്ടി വളരെയധികം നിശബ്ദനായി തന്റെ ചലനങ്ങള്‍ മന്ദഗതിയിലാക്കിക്കൊണ്ട് നിന്നു.
ചന്ദ്രശേഖരന്‍ എന്ന ആന നേരത്തെ എടുത്തിട്ടുള്ള കാലുകള്‍ നാട്ടാന്‍ പരിശീലിപ്പിച്ചിട്ടുള്ളതായിരുന്നു. ഒരിക്കല്‍ ഒരു കുഴിയുടെ അടുത്ത് കല്‍ നാട്ടാന്‍ വന്നപ്പോള്‍ അത് നാട്ടാതെ നിന്നു. ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് കാല്‍ നാട്ടിയില്ല. പിന്നീടുള്ള പരിശോധനയില്‍ ആ കുഴിയില്‍ ഒരു നായ കിടന്നുറങ്ങുന്നത് കണ്ടു. നായയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ ആന ആ കുഴുയില്‍ കാല്‍നാട്ടി.
ഇത്തരം സ്വഭാവങ്ങളില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നത് ആനകളും മനുഷ്യരെപോലെയാണ് എന്നതാണ്. അവയ്ക്കും സങ്കടങ്ങളും വേദനകളും ഉണ്ട്. വിശേഷബുദ്ധിയില്ലങ്കിലും ബുദ്ധിയുണ്ട് സ്വാഭാവികമായും ആനയെ ഉപദ്രവിക്കുമ്പോള്‍ അവ പ്രതികരിക്കുന്നു.